കാരുണ്യവാനായ അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങളിലൊന്നാണ് പരിശുദ്ധ റമദാന്‍. അവ നമ്മുടെ ആയുസ്സിലെ വസന്തകാലങ്ങളാണ്. ആത്മീയതയുടെ സൌരഭ്യം ആസ്വദിക്കാനുള്ള അസുലഭ അവസരമാണ്. നന്മകളുടെ പൂക്കാലമായ റമദാനെ സ്വീകരിക്കാന്‍ ലോകം മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. റജബ് മാസം മുതല്‍ തന്നെ വിശ്വാസികള്‍ റമദാനെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുന്നു. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ, പരിശുദ്ധ റമദാന്റെ മുഴുവന്‍ അനുഗ്രഹങ്ങളും ഏറ്റുവാങ്ങുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ! ആമീന്‍.
വിശുദ്ധ ഖുര്‍ആന്റെ അവതരണമാസമാണല്ലോ പരിശുദ്ധ റമദാന്‍. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു നമുക്ക് ധാരാളം ഉപമകള്‍ വിവരിച്ചുതന്നിട്ടുണ്ട്. ആശയങ്ങള്‍ക്ക് വ്യക്തത ലഭിക്കാനും സന്മാര്‍ഗത്തിലേക്കുള്ള യാത്ര അനായാസകരമാക്കാനും ഉപമകള്‍ സഹായകമാണ്.
"ജനങ്ങള്‍ ഉദ്ബുദ്ധരാകുന്നതിന് വേണ്ടിയാണ് നാം ഉപമകള്‍ എടുത്തുകാട്ടുന്നത്. പക്ഷേ അറിവുള്ളവര്‍ മാത്രമേ അതിനെകുറിച്ച് ചിന്തിച്ച് മനസ്സിലാക്കൂ''(ഖുര്‍ആന്‍-29:43).
വിശുദ്ധവചനത്തെ അല്ലാഹു നല്ല വൃക്ഷത്തോട് ഉദാഹരിച്ചിട്ടുണ്ട്. വേരുകള്‍ ഭൂമിയില്‍ ആഴത്തില്‍ ഊര്‍ന്നിറങ്ങിയ, ചില്ലകള്‍ ആകാശത്ത് പടര്‍ന്നു പന്തലിച്ച, പഴവര്‍ഗങ്ങളും ഫലങ്ങളും ദാനമായി നല്‍കുന്ന മനോഹരമായ വൃക്ഷം. നല്ല വൃക്ഷത്തിന്റെ വേരും തടിയും ഇലയും പഴവും തുടങ്ങി അതിന്റെ സര്‍വ ഭാഗങ്ങളും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഈ പ്രപഞ്ചത്തിന് തന്നെയും ഉപകാരപ്രദമാണ്. പരിശുദ്ധ റമദാനും ഇതിന് സമാനമാണ്. റമദാനെ ഒരു മാസമായിട്ടല്ല നാം സമീപിക്കേണ്ടത്. അതിന്റെ ഓരോ ദിനരാത്രങ്ങളും പ്രധാനപ്പെട്ടതാണ്. പകലുകളേക്കാള്‍ വിലയുള്ളതാണ് റമദാന്റെ രാത്രികള്‍. ലൈലത്തുല്‍ ഖദ്ര്‍ അതിന്റെ പ്രതീകമാണ്. റമദാന്റെ ഒരോ മണിക്കൂറും ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കാനുള്ള ആസൂത്രണമാണ് ഇസ്ലാമിക വിദ്യാര്‍ഥികള്‍ നടത്തേണ്ടത്.ഭൌതിക സുഖങ്ങളുടെ പെരുമഴക്കാലത്താണ് നാം ജീവിക്കുന്നത്. അതിന്റെ പ്രളയജലം നാട്ടിലും സമൂഹത്തിലും മാത്രമല്ല നമ്മുടെ വീട്ടുമുറ്റത്തും കാല്‍ചുവട്ടിലും തളംകെട്ടി നില്‍ക്കുകയാണ്. ഭൌതികതയുടെ അതിപ്രസരത്തില്‍ നിലയില്ലാതെ മുങ്ങികൊണ്ടിരിക്കുന്നവരാണ് അധികവും. പലര്‍ക്കും തങ്ങള്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണെന്ന ബോധംപോലും നഷ്ടപ്പെട്ടിരിക്കുന്നു. മുസ്ലിം സമൂഹവും ഇതില്‍ നിന്ന് ഭിന്നമല്ല. റമദാന്‍ നമുക്ക് തിരിച്ചുപോക്കിന്റെ അവസരം കൂടിയാണ്. നമ്മെക്കുറിച്ചുതന്നെയുള്ള അന്വേഷണത്തിന്റെയും പുനരാലോചനയുടെയും സന്ദര്‍ഭം. നാം അല്ലാഹുവുമായി അകന്നുപോവുകയാണോ? ഖുര്‍ആന്റെ പാതയും നമ്മുടെ വഴിയും ഒന്നുതന്നെയാണോ? അന്വേഷണത്തില്‍ മനസ്സ് സംതൃപ്തമാണെങ്കില്‍ ആവേശത്തോടെ മുന്നോട്ടു കുതിക്കുക. വല്ല കാലിടറലുകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ വൈകാതെ തിരിച്ചുനടക്കുക.
റമദാന്‍ ആശംസകളോടെ ,
എസ് ഐ ഒ
കോളേജ് യുണിറ്റ്
No comments:
Post a Comment